ന്യൂഡൽഹി: റിലയൻസ് ജിയോയുടെ ലോ എർത്ത് ഓർബിറ്റ് ഉപഗ്രഹങ്ങൾ വിന്യസിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര സ്പേസ് റെഗുലേറ്ററായ ഇൻ-സ്പേസിന്റെ (IN-SPACe) സാങ്കേതിക അനുമതി ലഭിച്ചു. ഭൂമിയോട് അടുത്ത ഭ്രമണപഥത്തിൽ (Low Earth Orbit - LEO) 1,600ലധികം ഉപഗ്രഹങ്ങൾ വിന്യസിക്കാനുള്ള ജിയോയുടെ പ്രൊപ്പോസൽ സാങ്കേതികമായി മികച്ചതാണെന്നും ആഗോള സംവിധാനങ്ങളായ സ്റ്റാർലിങ്കിന് ഒപ്പത്തിനൊപ്പം നിൽക്കുന്നതാണെന്നും ബഹിരാകാശ നിയന്ത്രണ ഏജൻസിയായ ഇൻ-സ്പേസ് വിലയിരുത്തി.
ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (ഇൻ സ്പേസ്), ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ), ടെലികോം ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള വയർലെസ് പ്ലാനിംഗ് ആൻഡ് കോഓർഡിനേഷൻ (ഡബ്ലുപിസി) വിംഗ് എന്നിവർ സംയുക്തമായാണ് വിലയിരുത്തൽ നടത്തിയത്.
ഭൂമിയിൽ നിന്ന് ഏകദേശം 650 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ 1,600 ഉപഗ്രഹങ്ങൾ വിന്യസിക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്.ഈ അനുമതിയെത്തുടർന്ന്, ഓർബിറ്റൽ സ്ലോട്ടുകൾ (ഉപഗ്രഹ ഭ്രമണപഥങ്ങൾ) സുരക്ഷിതമാക്കുന്നതിനായി അന്താരാഷ്ട്ര തലത്തിൽ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ഈ കന്പനിക്ക് ആവശ്യമായ നിയന്ത്രണപരമായ പിന്തുണ നൽകാൻ സർക്കാരിന് കഴിയും. ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷൻസ് യൂണിയൻ ഫയലിംഗുകൾക്കും മറ്റ് കന്പനികളുമായുള്ള ഏകോപനത്തിലൂടെയുള്ള ഭ്രമണപഥ അവകാശങ്ങൾക്കും വേണ്ടി കന്പനി നേരത്തേ സർക്കാരിന്റെ സഹായം തേടിയിരുന്നു.
ദേശീയ സുരക്ഷയ്ക്കും തന്ത്രപ്രധാനമായ പ്രതിരോധ ആവശ്യങ്ങൾക്കും നിർണായകമായ, ഇന്ത്യയുടെ ആദ്യത്തെ പ്രാദേശിക ലിയോ ഉപഗ്രഹ ശൃംഖല സ്ഥാപിക്കുന്നതിന് ഈ നീക്കം വഴിതുറക്കും. നിലവിൽ പതിനായിരത്തിലധികം ഉപഗ്രഹങ്ങളുമായി ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കാണ് ലിയോ മേഖല ഭരിക്കുന്നത്. എന്നാൽ, വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വിദേശ ഉപഗ്രഹ കന്പനികളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ വിവിധ രാജ്യങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്.
ഇന്ത്യയിലുടനീളം സെക്കൻഡിൽ 4.5 മുതൽ 5 ടെറാബിറ്റ് വരെ അതിവേഗ ഡാറ്റാ ശേഷി നൽകാൻ ഈ ശൃംഖലയ്ക്ക് സാധിക്കും. നിലവിൽ ഇന്ത്യയിൽ അനുമതിയുള്ള സ്റ്റാർലിങ്കിന് സെക്കൻഡിൽ 600 ഗിഗാബിറ്റ് ശേഷിക്ക് അനുമതിയുണ്ട്. ആമസോണ്‍ ലിയോ ഇന്ത്യലുടനീളം സെക്കൻഡിന് 3 ഗെറാബിറ്റ് ശേഷിയാണ് ലക്ഷ്യമിടുന്നത്. എന്നാൽ ആമസോണിന് അനുമതി ലഭിച്ചിട്ടില്ല. ഇവയേക്കാൾ ഉയർന്ന ശേഷിയാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. അടുത്ത 2 മുതൽ 3 വർഷത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കാനാണ് റിലയൻസ് ഉദ്ദേശിക്കുന്നത്. ഏകദേശം 10 ബില്യണ്‍ മുതൽ 15 ബില്യണ്‍ ഡോളർ വരെയാണ് (ഏകദേശം 96,000 കോടി മുതൽ 1.44 ലക്ഷം കോടി രൂപ വരെ) ഇതിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്.
ലക്ഷ്യം അതിവേഗ ഇന്റർനെറ്റും പ്രതിരോധ സുരക്ഷയും
ഫിക്സഡ് സാറ്റലൈറ്റ് സർവീസസ്, സെല്ലുലാർ ബാക്ക്ഹോൾ എന്നിവയ്ക്ക് പുറമെ സാധാരണ മൊബൈൽ ഫോണുകളിലേക്ക് നേരിട്ട് സാറ്റലൈറ്റ് കണക്റ്റിവിറ്റി നൽകുന്ന ’ഡയറക്ട്-ടു-ഡിവൈസ്’ സേവനവും പദ്ധതി വഴി ജിയോ ലക്ഷ്യമിടുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി രാജ്യത്തുടനീളം 20 മുതൽ 22 വരെ ഗ്രൗണ്ട് സ്റ്റേഷനുകൾ ജിയോ സ്ഥാപിക്കും.
വാണിജ്യ ആവശ്യങ്ങൾക്ക് പുറമെ രാജ്യത്തിന്റെ സുരക്ഷാ-പ്രതിരോധ മേഖലകൾക്കും ഈ തദ്ദേശീയ ശൃംഖല വലിയ കരുത്താകും. വിദേശ ഉപഗ്രഹ കന്പനികളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് ഇൻ-സ്പേസ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്.